Wednesday 14 September 2016

വാമന ജയന്തിയല്ലെഡേയ്,നുമ്മക്കിത് ഓണം തന്നെയാണ് ..!

മണ്ണെണ്ണ വിളക്കിന്റെ തിരി ഊതിക്കെടുത്തി, ആകാശവാണിയിൽ നാടകങ്ങൾ കേട്ടുറങ്ങിയ  രാത്രികളിലൊക്കെ ഒരു വൈദ്യതി പോസ്റ്റ് സ്വപ്നം കാണാറുണ്ട്. ഇരുട്ടിൽ വിരലൊന്നമർത്തിയാൽ, മുറി നിറയെ മഞ്ഞ പ്രകാശം പരത്തുന്ന ഫ്ലൂറസെന്റ് ബൾബുകളും. ഒരു മഴക്കാലത്താണ്, സ്വപ്നത്തിലെ വൈദ്യുതി പോസ്റ്റ് വീടിന്റെ പിന്നാമ്പുറത്തെത്തി. പപ്പായയും, പ്ലാവും, തെങ്ങും തോളോട് ചേർന്നിരുന്ന തൊടിയിൽ, അവർക്കിടയിൽ ഈ കോൺക്രീറ്റ് മരവും തലയുയർത്തിനിന്നു. ഞങ്ങളത് ബിരിയാണി വെച്ച് ആഘോഷിച്ചു.

ഒരു ഓണക്കാലത്താണ്, തിരുവോണദിന സ്പെഷ്യൽ ഡിസ്‌കൗണ്ടിൽ ഒരു ടിവിയും  വീട്ടുപടിക്കലെത്തി. 16 ഇഞ്ചുള്ള വിഡിയോകോണിന്റെ ഒരു സ്റ്റൈലൻ കളർടിവി. സ്വീകരണമുറിയിൽ ടിവി അലങ്കരിച്ചുവെച്ച ഗമണ്ടൻ സ്റ്റാന്റിനുമുകളിൽ ഞാനൊരു ഫ്‌ളവർവേസ് കൊണ്ടുവച്ചു. സ്റ്റാന്റിനോട് ഞാൻ അടക്കം പറഞ്ഞു; "നിന്റെ തോളത്തിരിക്കുന്നത് വെറുമൊരു ചതുരപ്പെട്ടിയല്ല.! വിശ്വവിജ്ഞാനഗോളമാണ്. കാഴ്ച്ചയുടെ വർണവിസ്മയങ്ങൾ അനർഘനിർഗളമായി പ്രവഹിക്കുന്ന, മനുഷ്യന്റെ മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്ന്! നിറങ്ങളുടെ അഖിലാണ്ഡ മണ്ഡലം.! ചൈനീസ് വന്മതിലും,എംപയർ സ്റ്റേറ്റ് ബിൽഡിങ്ങും, പിസായിലെ ചെരിഞ്ഞ ഗോപുരവും നമുക്കിനി കയ്യെത്തും ദൂരത്താണ്. മഞ്ഞിൽ പൊതിഞ്ഞ ഹിമാലയൻ       പർവ്വതങ്ങളിലൂടെയും, മണൽക്കാറ്റുവീശുന്ന രജസ്ഥാൻ മരുഭൂമിയിലൂടെയും നമുക്കിനി ഒരുമിച് യാത്രചെയ്യാം.." എൻറെ തള്ളൽ കേട്ട് സ്റ്റാൻഡ് എന്നെ തുറിച്ചുനോക്കി. ഞാൻ റിമോട്ട് കൺട്രോളിൽ വിരലമർത്തി.

എനിക്ക് ആഹ്ലാദം നൽകിയത് മറ്റൊരു കാര്യമാണ്. ടിവി കാണാൻ വേണ്ടി ഇനി അലഞ്ഞുനടക്കേണ്ട! എത്രയെത്ര വീട്ടുകാരുടെ സ്വകാര്യതയാണ് ഞങൾ അലങ്കോലപ്പെടുത്തിയത്.? ആരുടെയൊക്ക വീടുകളിലാണ് അനുവാദമില്ലാതെ വലിഞ്ഞുകേറിയത്..?

ദൂരദർശനിലെ ഞായറാഴ്ച സിനിമകളും, ശക്തിമാനും കണ്ടത് ജാനുവേടത്തിയുടെ വീട്ടിലാണ്. കൈരളി കാണാൻ വയലിനപ്പുറം ഹരിയേട്ടന്റെ വീട്ടിൽ പോകണം. അവിടെ 'വല്യേട്ടനും', 'തെങ്കാശിപ്പട്ടണോം ' പിന്നെ
ഇടക്കൊക്കെ 'നഗരവധുവും' കാണിക്കും. വരമ്പിലൂടെ ഓടി വീടിനുമുന്നിൽ കറങ്ങിനടക്കും. പരസ്പരം സിനിമ കഥകൾ പറഞ്‍ അക്ഷമയോടെ കാത്തുനിൽക്കും. ബൂസ്റ്റിന്റെയോ, ഹോർലിക്സിന്റെയോ പരസ്യം കേട്ടാൽ ഓടിച്ചെന്ന് അനുവാദം ചോദിക്കാതെ ടിവിക്ക് മുന്നിലിരിക്കും. അടിയുടെ എണ്ണമനുസരിച്ചാണ് സിനിമയുടെ റേറ്റിങ്. അഞ്ചിൽ കൂടുതൽ അടിയുണ്ടെങ്കിൽ അതാണ് മികച്ച സിനിമ.

സൂര്യ ടിവി പ്രതാപത്തിന്റെ അടയാളം കൂടിയാണ് . 'ജനാധിപത്യം' കണ്ടത് പാൽ സൊസൈറ്റിയിലെ ഷാജിയേട്ടന്റെ വീട്ടിലാണ്, അതും സൂര്യ ടിവിയിൽ. ഭാരതി ടീച്ചറെ വീട്ടിൽ 'ഒരു വടക്കൻ വീര ഗാഥ'. പൗലോസ് സാറിന്റെ വീട്ടിൽ 'മറുപുറം'. 'മണിച്ചിത്രത്താഴ്' സുഗന്ധിനി ടീച്ചറുടെ വീട്ടിൽ. 'ഫ്രണ്ട്‌സ്' കണ്ടത് കോറോത് ഉള്ള കൂട്ടുകാരൻ ജറീഷിന്റെ വീട്ടിലാണ് .( അന്നു ചിരിച്ചതുപോലെ ഫ്രണ്ട്‌സ് കണ്ടിട്ട് പിന്നീട് ഒരിക്കലും ചിരിച്ചിട്ടില്ല)മത്തായി ചേട്ടൻ, സതീശൻ മാസ്റ്റർ, മമ്മുക്ക ഇവരുടെയെല്ലാം വീടായിരുന്നു സിനിമാ കേന്ദ്രങ്ങൾ. ക്രിക്കറ്റ് കളി കാണാൻ ഇബ്രാഹിം മാസ്റ്റർ കനിയണം.

അതൊക്കെ ഇനി പഴംകഥ! ഇന്ന് മുതൽ ഞാനും ടിവിയുള്ള വീട്ടിലെ പയ്യനാണ്. കൂട്ടുകാരുടെ ഇടയിൽ എനിക്കും അല്പം ബഹുമാനം ഒക്കെയുണ്ടാകും. കാഴ്ച്ചക്കാർ ഏതു ചാനൽ കാണണമെന്ന് ഇനി ഞാൻ തീരുമാനിക്കും. കാണികൾ രസം പിടിച്ചിരിക്കുമ്പോൾ ടിവി ഓഫാക്കണം. "സന്ധ്യയായി,  ബാക്കി പിന്നെ കാണാം ഇപ്പൊ വീട്ടിലേക് പൊയ്ക്കോ" എന്ന് പറഞ്‍ ഉപദേശിയാകണം. ഞാൻ ദിവാ സ്വപനങ്ങൾ നെയ്തുകൊണ്ടിരുന്നു..

പിന്നീട്, ഒഴിവു സമയങ്ങളും, ആഘോഷങ്ങളും ടിവിക്ക് മുൻപിലായി.. ഓണവും, പെരുന്നാളും, ഈസ്റ്ററുമെല്ലാം പുതിയ പുതിയ സിനിമകളുടെ പൂക്കാലമായിരുന്നു. നേരിട്ടു കാണുന്ന പൂക്കളങ്ങൾക്ക് ടിവിയിലെ പൂക്കങ്ങളെക്കാൾ ഭംഗി കുറവാണെന്ന് ഞങ്ങൾ തെറ്റിദ്ധരിച്ചിരിക്കണം.. ഞങൾ കളിക്കാത്ത വയലുകളും, കയറിചെല്ലാത്ത കാടുകളും ഞങ്ങളെ കാത്ത് മൂകമായികിടന്നു..
കാട്ടുപഴങ്ങൾ കെട്ടുനശിച്ചു.. കണ്ടു കണ്ടിരിക്കെ, മനുഷ്യചരിത്രത്തിലെ മറ്റൊരു വലിയ കണ്ടിപിടുത്തം കൂടി ഞങളുടെ ബാല്യത്തോടൊപ്പം തിരിശീലയ്ക്ക് പിന്നിൽ മാഞ്ഞു..!

ഈ അടുത്ത്‌, പഴയ സാധനങ്ങൾ അടുക്കുന്നതിനിടെ, ആക്രികൂട്ടങ്ങൾക്കിടയിൽ അതും ഉണ്ടായിരുന്നു. ആ കളർ ടിവി.. ഒരുകാലത്തു പ്രതാപത്തിന്റെ ലക്ഷണങ്ങളിലൊന്ന്, ഒരു പതിറ്റാണ്ടിന്റെ ഓർമ...! "ഇതിനി തൂക്കിവിട്ടാലും അഞ്ചു പൈസ കിട്ടില്ല", വീട്ടിലെ ന്യൂ ജനറേഷൻ പയ്യൻ  മുഖം വക്രിച് ചിരിച്ചു..മറുപടി പറയാൻ ഞാൻ വാക്കുകൾ പരതി.

സ്വപ്നങ്ങളിലിപ്പോൾ പഴയ ചിമ്മിനി വിളക്കാണ്. അന്ന്, ചുവരുകൾക്ക് വെളിയിൽ, തുറസ്സിൽ ജീവിക്കേണ്ടതെങ്ങനെയെന്ന് നിലാവ് മെഴുകുതിരിയോട് പറഞ്ഞതിന്റെ പൊരുൾ ഇപ്പോളാണ് മനസ്സിലായത്. അത്ര വിശുദ്ധമായ ഒരു കാലത്തേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല.

നിർത്താതെ ഓടിയ വഴികളിലൂടെ കാലമർത്തി നടക്കണം... കാടുകളുടെ താളം തേടി യാത്രപോകണം...മഴ നനഞ് , ചെളിപുരണ്ട് കളിക്കണം..മരച്ചില്ലയിൽ കയറി പുഴയിലേക്കു കുതിക്കണം. ഓണമാണ്, നാടുകാണാൻ മാവേലി വരും; ചെണ്ടമുട്ട് കേട്ടാൽ  റോഡരികിലേക്ക് പായണം..മാവേലിയെക്കണ്ട് ആർത്തുവിളിക്കണം..!!

******************************************

അന്യ മതസ്ഥരോട് ചിരിച്ചാൽ, ആഘോഷങ്ങളിൽ പങ്കുചേർന്നാൽ, അത് മതനിന്ദയാണെന്ന് പ്രചരിപ്പിക്കുന്നവരോട്; നിങ്ങളോളം വലിയ വിപത്ത് ഞങ്ങൾക്കിനി വരാനില്ല.. ആടുമേക്കാൻ ആളുകളെ ഇനിയും ആവിശ്യമുണ്ടാകും... നിങ്ങളും പോയി സ്വർഗ്ഗരാജ്യം വെടിയുക!! ഒരു സുപ്രഭാതത്തിൽ ചരിത്രത്തെ  മാറ്റിയെഴുതാൻ ശ്രമിക്കുന്ന സവർണ്ണ ഫാസിസ്റ് കുലപതികളോട് ; നിങ്ങളോടുള്ള പ്രതിഷേധം കൂടിയാണ് ഞങ്ങൾക്ക്  ഈ ഓണാഘോഷം.!

ഓണം കേരൾ കാ ദേശീയ ഉത്സവ് ഹെ!!

ഏവർക്കും ഓണാശംസകൾ!!

Ama

Thursday 1 September 2016

ഞാൻ ആരാണ് ?

രാജ്യദ്രോഹകുറ്റം ഇന്ന് ഒരു പ്രധാന ചർച്ചാവിഷയമായതിനാൽ ഒരു ആത്മ പരിശോധന നല്ലതാണെന്ന് എനിക്ക് തോന്നി. അങ്ങനെ യഥാർത്ഥത്തിൽ ഞാൻ ഒരു രാജ്യസ്നേഹി ആണോ അതോ രാജ്യദ്രോഹി ആണോ എന്നതിനെക്കുറിച്ച് ഞാൻ കൂലങ്കഷമായി ആലോചിച്ചു.. അതിന് ഉത്തരം കിട്ടണമെങ്കിൽ പിന്നിട്ട വഴികളിലേക്കൊന്ന് തിരിച്ചുപോകണമായിരുന്നു...
ഇന്ത്യ എന്റെ രാജ്യമാണ്.. രാജ്യത്തിൻറെ അഖണ്ഡതയും, ഐക്യവും കാത്തുസൂക്ഷിക്കാൻ ഞാൻ പ്രയത്നിക്കും... എന്ന പ്രതിജ്ഞയോടെ തുടങ്ങുന്ന പുസ്തകത്തിലെവിടെയോ ' ലോകമേ തറവാടെന്നും, "ലോകാ സമസ്താ സുഖിനോ ഭവന്ദു" എന്നും വായിച്ചിട്ടുണ്ട്.. ലോകത്ത് മനുഷ്യനായി പിറന്നവരെല്ലാം തുല്യരാണെന്നും, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനമെന്നും ഉള്ള മഹത്‌വചനങ്ങൾ അതിരുകളില്ലാതെ എന്നെ ആകർഷിച്ചിട്ടുണ്ട്..
ഇതൊക്കെ ഉൾക്കൊണ്ട് ആദർശ ധീരനായി സസുഖം വാഴുമ്പോഴാണ് ഞാൻ പഠിച്ച കാര്യങ്ങൾ, അല്ലെങ്കിൽ മനസ്സിലാക്കിയതിലെല്ലാം ചെറിയ ഒരു പിഴവ് ഉണ്ടെന്ന് മനസ്സിലായത്! അതായത് ഒരു ഇന്ത്യകാരനായ ഞാൻ ലോകമേ തറവാട് എന്ന് പറയാൻ പാടില്ല. ഇനി പറഞ്ഞാൽ പാകിസ്ഥാൻ ഒഴികെ എന്ന് ബ്രാക്കറ്റിൽ എഴുതണം. ലോകത്ത് സർവർക്കും സമാധാനം ഉണ്ടാകട്ടെ എന്ന് പറയുമ്പോൾ പാകിസ്ഥാൻ നശിക്കണം എന്ന് പ്രത്യേകം മെൻഷൻ ചെയ്യണം. ഇതൊന്നും ശെരിയായ രീതിയിൽ എന്നെ പഠിപ്പിച്ചു തരാത്ത ഗുരുനാഥന്മാരോട് എനിക്ക് പരാതിയുണ്ട്.
ഒരു ഇന്ത്യൻ പൗരനായ എനിക്ക് ലോകത്തുള്ള ഏത് വിഷയത്തെക്കുറിച്ചും അഭിപ്രായം പ്രകടിപ്പിക്കാം എന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. ഒരു ഇസ്ലാം മത വിശ്വാസിയായതിനാലും, എന്റെ വിശ്വാസവും, പാകിസ്ഥാനും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട് എന്ന് പറയപ്പെടുന്നതിനാലും (Something I am skeptical) ഈ കാര്യത്തിൽ എനിക്ക് ചില പരിമിതികൾ ഉണ്ട്. അതായത് ബ്രിട്ടനെ കുറിച് പറയുന്നത്ര ലാഘവത്തോടെ പാകിസ്താനെക്കുറിച്ച് പറഞ്ഞാൽ ഞാൻ രാജ്യദ്രോഹിയാകും.
എന്റെ രാജ്യസ്‌നേഹം പ്രകടിപ്പിക്കാനുള്ള വഴികളെക്കുറിച്ചു ഞാൻ അന്വേഷിച്ചു.. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ പാകിസ്താനെ തെറിവിളിക്കുക..ആ രാജ്യത്തെ ആരെങ്കിലും പുകഴ്ത്തിപ്പറഞ്ഞാൽ അവരെ തേജോവധം ചെയ്യുക, അവരെ തെറിപറയുന്നവർക്ക് ലൈക് കൊടുക്കുക, പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ആരെങ്കിലും സെഞ്ച്വറി അടിച്ചാൽ അവരെ കോഴയാണെന്ന് പറഞ് പുച്ഛിക്കുക.,തുടങ്ങിയ അനേകം വഴികൾ എൻറെ മുന്നിൽ തെളിഞ്ഞുവന്നു.
ഇനി അല്പം സാങ്കൽപ്പികം എന്ന് തോന്നാവുന്ന ഒരു രീതിയും ഞാൻ പരീക്ഷിച്ചു.. പാകിസ്ഥാനികൾ കൂടി ജോലി ചെയ്യുന്ന ഒരു കമ്പനിയിലെ ജീവനക്കാരനായ ഞാൻ, തരം കിട്ടുമ്പോഴൊക്കെ അവരോട് ഇന്ത്യയുടെ മഹത്വത്തെകുറിച് പ്രസംഗിച്ചു. പാകിസ്ഥാൻ ജനാധിപത്യത്തിന്റെ ശവപ്പറമ്പാണെന്നും, ഭീകരരുടെ താവളമാണെന്നും പ്രധാനമന്ത്രിമാരിൽ പലർക്കും കിടക്കയിൽ കിടന്ന് മരിക്കേണ്ടി ഭാഗ്യം കിട്ടിയിട്ടില്ലെന്നും അവരെ ഓർമിപ്പിച്ചു.
ലോകകപ്പിൽ ഇന്ത്യയെ തോൽപ്പിക്കാൻ കഴിയാത്ത അവരുടെ ക്രിക്കറ്റ് ടീമിനെ ഞാൻ കണക്കിനു കളിയാക്കി. വീരാട് കോഹ്‌ലിയുടെ ഒരു പാക് ആരാധകൻ ഇന്ത്യ പതാക ഉയർത്തിയതിന് ജയിലിലിട്ടതിനെ ഞാൻ നിശിതമായി വിമർശിച്ചു. പാകിസ്ഥാൻറെ മരുമകൾ ആണെങ്കിലും സാനിയ നേടുന്ന മെഡലുകൾ ഇന്ത്യയുടെ മാത്രം മുതലാണെന്ന് ഞാൻ അവരോട് വാദിച്ചു. അങ്ങനെ പാകിസ്ഥാൻ തികഞ്ഞ പരാജയമാണെന്നും, അവരുടെ പൂർവികർ ഇന്ത്യവിട്ടുപോയത് കൊണ്ട് ഞങ്ങൾ ഇന്ത്യക്കാർക്ക് സമാധാനം ഉണ്ടെന്നും പറഞ് ഞാൻ അവരെ പുച്ഛിച്ചു.
അങ്ങനെ രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു അവസരവും ഞാൻ വെറുതെയാക്കിയില്ല..
ഇതൊക്കെ ചെയ്തത് കൊണ്ട് എനിക്ക് പാകിസ്താനുമായി ഒരു ബന്ധവുമില്ലേ എന്ന് ചോദിച്ചാൽ; യെസ് ബന്ധമുണ്ട്, പറയാം.... പ്രഥമ ട്വന്റി-ട്വന്റി ലോകകപ്പിൽ, ജയിക്കാൻ മൂന്ന് പന്തുകൾ ബാക്കിയുണ്ടായിരുന്നിട്ടും ഒരു റൺ എടുക്കാൻ പന്ത് സ്വീപ് ചെയ്ത് മലയാളിയായ ശ്രീശാന്തിന്റെ കയ്യിലേക് ഇട്ടുകൊടുത്ത മിസ്ബാഹുൽ ഹക്കിനോട് എനിക്ക് ഭയങ്കര ബഹുമാനമാണ്.. ഇന്ത്യയിൽ ഇത്രെയേറെ സുന്ദരന്മാർ ഉണ്ടായിട്ടും, ഇന്ത്യയിലെ പെണ്ണുങ്ങളുടെ ഹൃദയം കീഴടക്കിയ ദി മോസ്റ്റ് ഹാൻഡ്‌സം ഫവാദ് ഖാനോട് എനിക്ക് നല്ല അസൂയ ഉണ്ട്. പുള്ളിക്കാരന്റെ പടങ്ങളും കാണാറുണ്ട്‌. ആത്തിഫ് അസ്ലമിന്റെ പാട്ടുകളും,ഗുലാം അലിയുടെ ഗസലുകളും കേൾക്കാറുണ്ട്. (സിനിമയും,സംഗീതവും ഇസ്ലാമിൽ പാപമാണെന്നോർക്കണം) അല്ലാമാ ഇക്ബാലിന്റെ കവിതകൾ അദ്ദേഹം പാകിസ്താനിയാണെന്ന് മനസിലാക്കുംമുമ്പേ ഞാൻ ഇഷ്ടപ്പെട്ടതാണ്. ഇപ്പോൾ, ഒളിംപിക്സിൽ ഇന്ത്യയുടെ നേട്ടങ്ങളെ അപമാനിച്ച ബ്രിടീഷുകാരൻ പിയേഴ്സ് മോർഗന് , ട്വിറ്ററിൽ ചുട്ട മറുപടി കൊടുത്ത മസ്ഹർ അർഷാദ് എന്ന പാകിസ്താനി ജേർണലിസ്റ്റിനോട് ഒരു ചെറിയ മമതയുണ്ട് .ടിയാനെ ഞാൻ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുമുണ്ട്. സായ്യൂനി എന്ന ഒരു പകിസ്താൻ ആൽബത്തിലെ രണ്ടു വരികൾ എന്നെ ഏറെ ആകർഷിച്ചിട്ടുണ്ട്, അത് ഇങ്ങനെയാണ്..
"Can you raise yourselves to such a level, when the God wishes to give u a gift and He himself would come and ask you, what gift do you want?"
ഇത്രയൊക്കെ ബന്ധമേ എനിക് അവരുമായുള്ളൂ.. അത്‌കൊണ്ട് ഞാൻ രാജ്യദ്രോഹി അല്ല! എന്റെ രാജ്യസ്നേഹം ഇങ്ങനെയൊക്കെ പ്രകടിപ്പിക്കേണ്ടി വരുന്നതിൽ എനിക്ക് അതിയായ സങ്കടമുണ്ട്.
ഒരു ഇന്ത്യൻ ദേശാഭിമാനി..
Photo Courtesy: Quotesgram

Monday 22 August 2016

റിയോ ഒളിമ്പിക്സ്

"Peace comes from us not from others.."
രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ട് മുൻപ്, ബെർലിൻ ഒളിംപിക്സിൽ ആര്യൻ ജനതയുടെ അപ്രമാധിത്യം ലോകത്തിനുമുന്നിൽ സാക്ഷ്യപ്പെടുത്താനുള്ള ഹിറ്റ്‌ലറുടെ പദ്ധതികളെ, അമേരിക്കകാരനായ ജെസ്സി ഓവൻ പൊളിച്ചെഴുതിയത് എണ്ണംപറഞ്ഞ നാല് സ്വർണ്ണമെഡലുകൾ നേടിക്കൊണ്ടാണ്.
അന്ന്, വർണവെറിയുടെ തീച്ചൂളയിൽ എരിഞ്ഞുതീരുമായിരുന്ന ഒരു ചാംപ്യനെ ദൂരങ്ങൾ ചാടിക്കടക്കാൻ ഉത്തേജനം നൽകിയ ലുസ് ലോങ്ങ് എന്ന ജർമൻകാരൻ നമുക്ക് സമ്മാനിച്ചത് ഒരു കായിക വിനോദത്തിന് മതിലുകൾക്കപ്പുറത്തേക്ക്‌ മനുഷ്യനെ ഒന്നിപ്പിക്കാനാകുമെന്ന സ്നേഹ സന്ദേശമാണ്.ഇന്നും, ആഭ്യന്തര യുദ്ധങ്ങളും, ഭീകരാക്രമണങ്ങളും ദിനചര്യയായി മാറിയ കാലത്തും, നാലു വര്ഷത്തിലൊരിക്കലെത്തുന്ന ഒളിമ്പിക്സ് ഒരു സമാധാന ഉടമ്പടിയാണ്.! ഇവിടെ തോക്കുകൾക്കൊണ്ടു മത്സരിച്ചൊടുവിൽ എതിരാളികൾ സ്‌നേഹം പങ്കുവച്ചു മടങ്ങുന്നു. തോറ്റവർ തോൽപ്പിച്ചവരെ അഭിനന്ദിക്കുന്നു.. കാഴ്‌ചകളുടെ രസക്കൂട്ടുകൾ തീർക്കുന്നു..ഈ വേദിയിൽ മെഡലുകൾ നേടുന്നതിനപ്പുറം, മികച്ചു നിൽക്കുന്ന ഓരോ പ്രകടനവും നമുക്കാഘോഷമാണ്.
ആഡംബരങ്ങളില്ലാത്ത, തികച്ചും സാധാരണമായ ഉൽഘാടനത്തോടെയാണ് റിയോ ഒളിമ്പിക്സ് മാതൃകയായത്. ആഘോഷങ്ങളുടെ ശോഭനിലനിർത്തിക്കൊണ്ട് തന്നെ, സാമ്പത്തികമായി ഏറെ പരാധീനതകളുള്ള ഒരു രാജ്യം ലോകത്തിന് മുന്നിൽ തങ്ങളുടെ ശക്തി പെരുപ്പിച്ചുകാണിക്കുന്നതിന്റെ യുക്തിയെ പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്നുണ്ട് ബ്രസീൽ.
കായികമാന്യതയുടെ ചില അത്യപൂർവ നിമിഷങ്ങൾക്കും സാക്ഷിയാവുന്നുണ്ട് റിയോ.. വഴിയിൽ വീണുപോയവളെ വിളിച്ചെഴുന്നേല്പിച്, അവസാന കടമ്പ കടക്കാൻ പ്രോത്സാഹിപ്പിക്കുന്ന ആബെ ഡി അഗസ്റ്റിനോയും, എതിരാളിക്കുവേണ്ടി ട്രാക്കിൽ കാത്തുനിന്ന നിക്കി ഹംബിളിനും റിയോയുടെ സുന്ദര കാഴ്ചകളിലൊന്നായിരുന്നു.. വീണിടത്തുനിന്ന് ഉയർത്തെഴുന്നേറ്റു 10000 മീറ്റർ ഓടി ജയിച്ച ബ്രിട്ടന്റെ എം .ഓ .ഫറായും, ഒരു കാലിൽ ബൂട്ടില്ലാതെ ഓടി 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സ് പൂർത്തിയാക്കിയ എത്തിയോപ്പിയക്കാരി Etenesh ഡിറോയും റിയോയുടെ വിസ്മയങ്ങളായിരുന്നു...400 (Hurdles) മീറ്റർ ഓട്ടത്തിൽ ഫിനിഷിങ് ലൈനിൽ ചാടിവീണ് സ്വർണം നേടിയ ബഹാമാസിന്റെ ഷോൺ മില്ലറും ഈ ഒളിമ്പിക്സിലെ മറ്റൊരു കൗതുകമാണ്. ഒളിംപിക്‌സ് വേദിയിൽ ആദ്യമായി ഒരു വിവാഹകർമത്തിനു സാക്ഷിയായതും റിയോയിലാണ്.
വേഗത്തിന്റെ രാജാവ് ഉസൈൻ ബോൾട്ടും, നീന്തൽ കുളത്തിലെ സ്വർണ മൽസ്യം മൈക്കൽ ഫെൽപ്‌സും റിയോയിലും പ്രകടനം അവിസ്മരണീയമാക്കി. തുടർച്ചയായി മൂന്നാം ഒളിംപിക്സിലും മൂന്ന് സ്വർണങ്ങൾ നേടിയ ബോൾട്ട് എതിരാളികളെ ഏറെ പിന്നിലാക്കിയാണ് ദൂരങ്ങൾ ഓടിത്തീർത്തത്. ഫെൽപ്‌സിന് പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല റിയോയിൽ. ഈ രണ്ടു ഇതിഹാസങ്ങൾക്കും ഒരുപക്ഷെ ഇത് അവസാന ഒളിപിക്‌സ് ആയേക്കാം.!
ജിംനാസ്റ്റിക്സിൽ നാല്‌ ഗോൾഡ് മെഡലുകൾ നേടിയ സിമോൺ ബെയ്ൽ ആണ് റിയോയിൽ പൊന്നു വിളയിച്ച മറ്റൊരാൾ.പോൾ വാൾട്ടിൽ വാശിയേറിയ മത്സരത്തിനൊടുവിൽ തിയാഗോ ബ്രാസ് ഡാ സിൽവ നാട്ടുകാർക്ക് മുൻപിൽ ചാടിക്കയറിയത് ഒളിംപിക് റെക്കോർഡിലേക്കാണ്.
ക്രിക്കറ്റിനെ മാത്രം സ്നേഹിച്ച, മതമായി ആരാധിച്ച ഒരു രജ്യത്തിന്റെ, പെൺകുഞ്ഞുങ്ങൾ ബാധ്യതെന്നു വിശ്വസിച്ച ഒരു ജനതയുടെ, യശസുയർത്തിയത് നാലു പെൺകുട്ടികളാണ് എന്നത് റിയോ നമുക്ക് നൽകിയ വലിയ പാഠമാണ്.റിയോ ഇവരെയും നെഞ്ചോട് ചേർത്തുനിർത്തും..
മെഡൽ പ്രതീക്ഷകൾ ഓരോന്നായി അസ്തമിച്ചപ്പോൾ, കായിക മന്ത്രിതന്നെ രാജ്യത്തിന്റെ അഭിമാനത്തിന് വിലപറഞ്ഞപ്പോൾ, സിന്ധുവും, സാക്ഷിയും കാണിച്ച നിശ്ചയദാർഢ്യമാണ് 123 കോടി ജനങ്ങളെ ഒരുമിച്ചുനിർത്തിയത്.
അധികമാരും പരിജയിക്കാത്ത, അപകടം നിറഞ്ഞ ജിംനാസ്റ്റിക്സിൽ ലോകോത്തര താരങ്ങളോട് പൊരുതി ദീപകർമാകാർ നേടിയ നാലാം സ്ഥാനം നമുക്കെങ്ങനെ ആഘോഷിക്കാതിരിക്കനാകും? അശ്വതി അശോക് ഇന്ന് ഗോൾഫ് കോർട്ടിലെ ഇന്ത്യൻ താരോദയമാണ്. ക്രിക്കറ്റിനുവേണ്ടി മാത്രം കോടികൾ ചിലവാക്കുന്ന നമുക്ക് ഇവരിൽ നിന്നെല്ലാം ഇതിൽകൂടുതൽ എന്താണ് പ്രതീക്ഷിക്കാനാകുക?
പരാജിതരുടെ രാജ്യത്തും സൂര്യൻ ജ്വലിച്ചു നിൽക്കുന്നു എന്ന് ഓര്മപ്പെടുത്തുന്നുണ്ട് റിയോ... 400 മീറ്റർ ഏറ്റവും വൈകി ഓടിത്തീർത്ത സോമാലിയൻ പെൺകുട്ടി മരിയൻ നുഹ് മുസിനെ കാണികൾ വരവേറ്റത് കരഘോഷങ്ങളോടെയാണ്. മരിയൻ ഇന്ന് പലർക്കും ഇൻസ്പിരേഷനാണ്.
ആവേശം നിറഞ്ഞ കുറെ മത്സരങ്ങളും റിയോ ഒളിംപിക്സിനെ നമുക്കു പ്രിയപ്പെട്ടതാക്കുന്നു. ഫുട്ബാളിൽ ജർമിനിയെ തോൽപ്പിച്ചു ബ്രസീൽ ആദ്യമായി അങ്ങനെ ഒരു ഒളിംപിക്‌സ് സ്വർണം കൂടി തങ്ങളുടെ മെഡൽ പട്ടികയിൽ ചേർത്തുവെച്ചു.
പുരുഷ ഹോക്കിയിൽ ക്വാർട്ടർഫൈനലിൽ അവസാന നാൽപ്പത് സെക്കൻഡിൽ രണ്ട് ഗോളുകൾ മടക്കി ന്യൂസിലൻഡിനെ തോൽപ്പിച്ച ജർമിനിയേ എങ്ങനെ മറക്കാനാകും? മറ്റൊരു ആവേശോജ്വല പ്രകടനം കണ്ടത് വിമൻസ് ബാസ്കറ്റ്ബാൾ കളിയിലാണ്. തുല്യപോയിന്റിൽ നിന്നിരുന്ന തുർക്കിക്കെതിരെ സ്പെയിൻ ജയം പിടിച്ചുവാങ്ങിയത് ഒരു സെക്കന്റിലും താഴെ സമയം ബാക്കിയുള്ളപ്പോഴാണ്.!!
ട്രാക്കിലും ഫീൽഡിലും രാജ്യത്തിന് വിലക്കേർപ്പെടുത്തിയപ്പോൾ വീണ്ടുമൊരു ഒളിംപിക്‌സ് മെഡൽ എന്ന സ്വപ്നങ്ങൾ മറക്കേണ്ടിവന്ന, പോൾവാൾട്ടിന്റെ റാഞ്ജ്ഞി റഷ്യയുടെ യെലേന ഇസൻബിയോവയും, പരിക്കുമൂലം പിൻമാറിയ സ്വിസ്സ് ഇതിഹാസം റോജർ ഫെഡററും റിയോയുടെ നഷ്ടങ്ങളായിരുന്നു. ഇനിയൊരു ഒളിംപിക്‌സ് വേദിയിൽ ഇവരും മത്സരിക്കാനുണ്ടാവില്ല.!
ഒരിക്കൽ കൂടി അമേരിക്കയുടെ സർവ്വാധിപത്യം പ്രകടമായ, പതിനാലു ദിവസത്തെ കായിക മാമാങ്കത്തിന് തിരശീലവീഴുന്നു.. ഇനി നാലു വർഷങ്ങൾക്കപ്പുറം ദീപശിഖ ചരിത്രമുറങ്ങുന്ന ടോക്കിയോവിലെത്തും. ചാരത്തിൽനിന്ന് ഉയർത്തെഴുന്നേറ്റ്, ഫിനിക്‌സ് പക്ഷിയെപ്പോലെ കുതിച്ചുയർന്ന ഒരു രാജ്യത്തിന് ലോകത്തോട് വിളിച്ചുപറയാൻ അത്ഭുതങ്ങളേറെയുണ്ടാവും..ഹൃദയത്തിൽതൊടുന്ന സുന്ദര മുഹൂർത്തങ്ങളും, പുത്തൻ താരോദയങ്ങളും അവിടെയും ആവർത്തിക്കപ്പെടട്ടെ.. വഴിയിൽ തളർന്നിരുന്നുപോയവർ ആ അരങ്ങിൽ തിരിച്ചെത്തട്ടെ.. അതുവരേക്കും ഒളിംപിക്സിന് താൽക്കാലിക വിട....ഒപ്പം റിയോയ്ക്കും..

Sunday 7 August 2016

hari

Hi hari, miss u 

ചേനക്കാര്യമല്ല ഒരാനക്കാര്യം!

ഒറ്റുപാറ മലയിൽ ആന ഇറങ്ങീട്ടുണ്ടത്രെ ..!
നാലാം പീരിയഡിൽ മൂത്ര ശങ്ക കലശലായ ആൺകുട്ടികളിലൊരാൾ സർവാനന്ദ പുളകിതനായി കാര്യം സാധിക്കുമ്പോഴാണ് കഥയ്ക്ക് ആസ്പദമായ ആ അത്ഭുത പ്രതിഭാസം നടന്നത്. കുട്ടിക്കാലത്ത്‌, ആൺകുട്ടികൾ ഏറ്റവും വലിയ അനുഗ്രഹമായി കണ്ടിരുന്ന സംഗതികളിൽ ഒന്നാണ് ആസ്വതിച്ചുള്ള ഈ മൂത്രമൊഴിക്കൽ..
ഏതെങ്കിലും വരമ്പിനു മുകളിൽ കയറി നിന്ന് പുറത്തെ കാഴ്ചകളൊക്കെ കണ്ട്, നേർ രേഖയിലും, വൃത്താകൃതിയിലും, ചതുഷ്‌കോണവും വരച്ചുകൊണ്ട് കാര്യം സാധിക്കാൻ ആൺകുട്ടിയായി തന്നെ ജനിക്കണം.അങ്ങനെ കണക്കിലെ ചില വ്യത്യസ്ത കളികൾ പരീക്ഷിക്കുമ്പോഴാവണം ടിയാന്റെ ശ്രദ്ധ ദൂരെ ഒറ്റുപാറമലയും താണ്ടി വന്ന ഗജവീരന്മാരിൽ ചെന്ന് പതിഞ്ഞത്.!
സ്റ്റാഫ്‌റൂമിലേക് ചോക് എടുക്കാൻ പോയ ക്ലാസ് ലീഡർ ആണ് ബ്രേക്കിംഗ് ന്യൂസ് ചൂടോടെ ഞങ്ങളെ അറിയിച്ചത്. അന്ന് ഉച്ചയ്ക്ക് കഞ്ഞിയും പയറും വാങ്ങാനുള്ള ക്യൂവിൽ ഞങൾ ഒന്നിൽ കൂടുതൽ തവണ നിന്നില്ല. കഞ്ഞിപ്പാത്രം ബാഗിലേക്കെറിഞ്ഞു റബ്ബർ ബോളുമെടുത്ത്‌ മൈദാനത്തേക്കോടിയില്ല്ല.. ചാത്തുവേട്ടന്റെ മിട്ടായിക്കട മാണി ഒഴിവാക്കിപ്പോയ ഖജനാവ് പോലെ കാലിയായി കിടന്നു...സർവത്ര ആനമയം.!
സ്റ്റാഫ് റൂമിന്റെ പിൻവശത്തും, കിണറിനടുത്തും, ജനലുകളിലുമിലുമൊക്കെയായി കൂട്ടംകൂടി നിലയ്ക്കുന്ന വിദ്യാർത്ഥികളെ നിയന്ത്രിക്കാൻ അധ്യാപകർക്ക് നന്നേ പാടുപെടേണ്ടിവന്നു.
ദൂരെ, ഒറ്റുപാറമലയിൽ ഉന്മാദത്തിലേർപ്പെട്ടിരിക്കുന്ന ഗജവീരന്മാർ തങ്ങളെ ഇമവെട്ടാതെ നോക്കിനിൽക്കുന്ന ഈ കൗതുകകണ്ണുകൾ കണ്ടില്ല. ശരീരം മുഴുവനും മണ്ണ് വാരി പുതച്ചിട്ടുണ്ട് രണ്ടുപേരും.ഇടയ്ക്ക് മരച്ചില്ലകൾ പിടിച്ചു കുലുക്കുന്നുണ്ട്..
ആ ആനകൾ ആണോ പെണ്ണോ"..?
എന്റെ പിന്നിൽ നിന്നിരുന്ന എന്നേക്കാൾ ഉയരം കുറഞ്ഞ, അഞ്ചിലോ ആറിലോ പഠിക്കുന്ന പയ്യനു ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല.!
"മരമണ്ടാ.., ആനകൾക്ക് മനുഷ്യന്മാരെ പോലെ തോന്ന്യാസം ഇല്ല".
ജന്തുശാസ്ത്രത്തെ കുറിച് ഞാൻ സ്വന്തമായി കണ്ടെത്തിയ വിജ്ഞാനത്തിന്റെ ഒരംശം, വളരെ ചെറിയൊരംശം അന്ന് ഞാനവനു തികച്ചും ഫ്രീ ആയി പകർന്നു കൊടുത്തു.
ആനകളെക്കാളേറെ എന്നെ ആകർഷിച്ചത് മലയിൽ തലയെടുപ്പോടെ നിന്നിരുന്ന വമ്പൻ പാറയാണ്. സ്കൂളിൽ ചേർന്നതിൽ പിന്നെ ആ പാറയെ കുറിച് നിറയെ കഥകൾ കേട്ടിട്ടുണ്ട്. പണ്ട് ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിനടയിൽ പഴശ്ശിരാജ ഈ പാറയിലാണ് അഭയം പ്രാപിച്ചതെന്നും പഴശ്ശിരാജയുടെ കാല്പാദം പാറയിൽ പതിഞ്ഞിട്ടുണ്ടെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. ഇവിടെ വെച്ചാണ് പഴശ്ശിരാജയെ ശത്രുക്കൾക്ക് ഒറ്റുകൊടുത്തത്.ഒറ്റുപാറയെന്ന പേരുണ്ടായതും അങ്ങനെയാവണം. ബ്രിട്ടീഷ് പട്ടാളക്കാർ പഴശ്ശിരാജയെ വിലങ്ങുവെച്ച ചങ്ങലപ്പാടും പാറമേൽ ഉണ്ടത്രേ.!
ക്ലാസ്സിലെ മറ്റൊരു വിദ്യാർത്ഥിയുടെ ഹൈസ്കൂളിൽ പഠിക്കുന്ന ചേട്ടൻ ഒരവധിക്കാലത്ത് കൂട്ടുകാരുമായി ആ മലയിൽ കേറിയിട്ടുണ്ട്. അന്നവർ പാറയുടെ മുകളിൽ ഇരുന്ന് പൊറോട്ടയും മത്തിക്കറിയും കഴിച്ചിട്ടുണ്ട്. പാറയിൽ പതിഞ്ഞ പഴശ്ശിയുടെ കാലടയാളവും ചങ്ങലപ്പാടും അവരും കണ്ടിട്ടുണ്ടാവണം.!ആ പാറയുടെ നേരെ താഴെയാണ് ഇപ്പോൾ ഈ ആനകൾ വിനോദ സഞ്ചാരത്തിന് എത്തിയിരിക്കുന്നത്.
നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു ദ്വിദിന ക്യാമ്പിൽ ഓറ്റുപറയുടെ താഴവരെ ഞങ്ങളും പോയിട്ടുണ്ട്. അന്ന് ഞങ്ങൾ പോകുന്ന വഴിക്ക് ആനപ്പിണ്ടം കണ്ടിരുന്നു. എന്നാൽ ഞങൾ കണ്ടത് ആനപിണ്ടമല്ലാ ഉണങ്ങികരിഞ്ഞ ഒരു ഗമണ്ടൻ ബംബിളിമൂസ് ആണെന്ന് ചില പിന്തിരിപ്പൻ മൂരാച്ചികൾ കുറെ കാലം പറഞ്ഞു നടന്നു...
ഏതായാലും അന്ന് ഉച്ചകഴിഞ്ഞുള്ള മോഹനൻ മാഷിന്റെ സയൻസ് ക്ലാസ്സിൽ ഞാൻ കോട്ടുവാ ഇട്ടില്ല! പ്രകാശ സംശ്ലേഷണവും ഹരിതവിപ്ലവവും എന്റെ സെറിബ്രത്തിന്റെ ഏതൊക്കെയോ കോണിൽ തട്ടി തെറിച്ചുപോയി. ഒടുവിൽ ക്ഷമകെട്ട് ബാക് ബെഞ്ചിലിരിക്കുന്ന അലമ്പ് പയ്യന്മാരിൽ ഒരാളൊട് ഒറ്റുപാറ മലയിലേക് എത്ര ദൂരമുണ്ട് എന്ന് ചോദിക്കാൻ തല ചെറുതായി ഒന്ന് തിരിച്ചതേ ഉള്ളൂ.. മോഹനൻ മാഷിന്റെ കയ്യിൽ കിടന്ന ചോക് കഷ്‌ണം എന്റെ ചെവിയിൽത്തന്നെ വന്നു പതിച്ചു.
പിറ്റേന്ന് ആന വർത്തമാനങ്ങൾ പറഞ്ഞിരിക്കുന്ന കുട്ടികൾക്കിടയിൽ ഞാനൊരു കുഞ്ഞു പട്ടാളക്കാരനായി. ആകാശവാണി കണ്ണൂർ നിലയത്തിലെ രാത്രി എട്ട് മണിക്ക് ഉള്ള നാടകത്തിനുശേഷം, പെങ്ങന്മാർ ഞങ്ങൾക്കായി പറഞ്ഞുതന്നിരുന്ന ചരിത്രം എന്നിലൂടെ പരിപാടിയുടെ ഒരു ഭാഗം; നാട്ടുകാരനായ മൊയ്തുക്കായുടെ ആനയെക്കുറിച്ചുള്ള കഥ ഞാൻ അവരെയും കേൾപ്പിച്ചു.
എനിക്ക് ഓര്മവെക്കുന്നതിന് മുൻപേ യശഃശരീരനായ ആ ആന മൊയ്തുക്ക പറയുന്നതൊക്കെ അനുസരിച്ചിരുന്നെന്നും, ആന ചെരിഞ്ഞപ്പോൾ അതിന്റെ അവയങ്ങൾ കഷ്ണങ്ങൾ ആക്കിയാണ് കുഴിച്ചിട്ടതെന്നും, അവിടെ ഇപ്പോൾ ഒരു കോളി മരം ഉണ്ടെന്നും അതിന്റെ ചോട്ടിൽ ഞങ്ങൾ മൂത്രോഴിക്കാറുണ്ടെന്നും പറഞ്ഞു ഞാൻ അവരെ രോമാഞ്ചം കൊള്ളിച്ചു.
സ്കൂളിൽ നിന്ന് പോകുമ്പോൾ എന്റെ കൂടെ വന്നാൽ ആ സ്ഥലത്തു കൊണ്ടുപോകാമെന്ന് പറഞ്ഞു പലരെയും ഞാനന്ന് കൊതിപ്പിച്ചു കടന്നുകളഞ്ഞു...
കാടായ കടും മലകളും ഒക്കെ കയറിച്ചെല്ലാൻ ശ്രമിച്ചിട്ടുണ്ട്. മീൻമുട്ടിമലയിലേക്കുള്ള യാത്ര ഇപ്പോഴും ആവേശമാണ്. ചെംബ്ര പീകും, മുനീശ്വരൻ കുന്നും, മലപ്പുറത്തെ മിനി സയലന്റ് വലിയും നടന്ന് തന്നെ കയറിപോയിട്ടുണ്ട്.
കൊല്ലിമലയിലെ വിശുദ്ധ
വനത്തിലൂടെയും, മലയോര കൃഷിയിടങ്ങിലൂടെയും ഹൃദയം തൊട്ടറിഞ്ഞു യാത്ര ചെയ്‌തിട്ടുണ്ട്. പലതവണ പകുതിവെച്ചു ഉപേക്ഷിക്കേണ്ടി വന്ന ഒറ്റുപാറ യാത്ര ഇപ്പോഴും ബക്കറ്റ് ലിസ്റ്റിൽ അവശേഷിക്കുന്നു. അല്ലെങ്കിലും എവറെസ്റ് കീഴടക്കണം എന്നൊന്നുമല്ലല്ലോ പറയുന്നത്, വെറും ഒരു ചെറിയ
ഒറ്റുപാറയല്ലേ..?
********************************£
വന്യ ജീവികൾ കാടുവിട്ട് പൊതു നിരത്തിലിറങ്ങുന്നത് ഇപ്പോൾ ഒരു കൗതുകമല്ല. വീണ്ടുവിചാരമില്ലാത്ത പ്രകൃതി ചൂഷണവും, വന്യ ജീവികൾക്കെതിരായ അതിക്രമങ്ങളും അനുദിനം വർധിച്ചുകൊണ്ടിരിക്കുന്നു. ഒറ്റുപാറകൾ ഇനി എത്രകാലം അവശേഷിക്കും എന്ന ചോദ്യങ്ങളാണ്
കൗതുകം....

Friday 5 August 2016

ചില ചിരിയോർമ്മകൾ

അന്ന് മലയാളം ക്ളാസ്സിൽ, പാത്തുമ്മായുടെ ആടിലെ പ്രസ്തുത ഭാഗം വായിച്ചു കേൾപ്പിക്കാൻ സുഷമ ടീച്ചർ നിർദേശിച്ചത് എന്നോടാണ്. പാത്തുമ്മ എന്ന്‌ കേൾക്കുമ്പോഴേ ചിരി തുടങ്ങാറുള്ള ഞാൻ ചിരി കടിച്ചമർത്തി പുസ്തകവുമായി എഴുന്നേറ്റു നിന്നു..വായനയിലുള്ള എന്റെ പാണ്ഡിത്യം കൂട്ടുകാരെ കാണിക്കാൻ കിട്ടിയ അപൂർവ അവസരമാണ് .! മാസങ്ങൾക്ക് മുൻപ് സ്കൂളിൽ നടന്ന വായന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതിന്റെ സകല അഹങ്കാരവും മുഖത്തേക്കു ആവാഹിച്ചുകൊണ്ട് ഞാൻ വായിക്കാൻ തുടങ്ങി.
പാത്തുമ്മയുടെ ആടിന്റെ പ്രസവവും തുടർന്നുള്ള പെണ്ണുങ്ങളുടെ വിദഗ്ധമായ മോഷണവുമാണ് വിവരിക്കുന്നത്.. ഉച്ചാരണത്തിൽ അതിഭാവുകത്വം കലർത്തി ഞാൻ ഏകാഭിനയം നടത്തുകയാണ്..! കുട്ടിയില്ലാതെ ആടു ചുരത്തില്ലെന്ന് സമാധാനിച്ചു സുഖത്തോടെ കഴിയുന്ന പാത്തുമ്മ. പാല്‌ കറക്കാൻ വേണ്ടി അബിയെയും പത്തുകുട്ടിയെയും ആട്ടിൻകുട്ടികളാക്കാൻ ശ്രമിച്ചു പരാജയപ്പെടുന്ന ബഷീറിന്റെ ഉമ്മയും ആനുമ്മമാരും.ഒടുവിൽ ചുമ്മാ ഒരു രസത്തിനു ആട്ടിൻകുട്ടികളായി മുല ചപ്പി കുടിക്കുന്ന റശീദും സുബൈദയും....
ഈ അത്ഭുത സംഭവമറിഞ്ഞു നെഞ്ചു തല്ലികരയുന്ന പാത്തുമ്മ.!
"നിങ്ങളൊക്കെ മനുഷ്യരാണോ.. എന്നാലും എന്നോടിത് ചെയ്തല്ലോ..."?
അത്രയേ വായിക്കാൻ കഴിഞ്ഞുള്ളൂ.... അതുവരെ തടഞ്ഞുനിർത്തിയ ചിരി മുഴുവനും മുല്ലപ്പെരിയാറിലെ ഷട്ടർ തുറന്നത് പോലെ പുറത്തേക്ക് വന്നു..പുസ്തകം ഡസ്കിലേക്കിട്ട് ടീച്ചറുടെ അനുവാദത്തിന് കാത്തുനിൽക്കാതെ ബെഞ്ചിലിരുന്ന് ചിരിക്കാൻ തുടങ്ങി.കഥയിലെ നർമ്മവും എന്റെ അവതരണവും അത്രയങ് രസിച്ചില്ലെങ്കിലും, മദം പൊട്ടിയതുപോലുള്ള എന്റെ ചിരി കണ്ടു മറ്റുകുട്ടികളും ചിരിച്ചു.
മലയാളം ക്‌ളാസിലും അതി വിദഗ്ധമായി ഉറങ്ങാറുള്ള ലാസ്റ്റ് ബെഞ്ചിലെ പെൺകുട്ടികൾ ഉറക്കമുണർന്ന് 'നാട്‌ ഓടുമ്പോൾ നടുവേ ഓടാം' എന്ന മട്ടിൽ ചിരിയിൽ പങ്കുചേർന്നതോടെ ക്ളാസ്സിൽ ബഹളമായി. എന്നെ സ്വതന്ത്രമായി ചിരിക്കാൻ വിട്ട് മറ്റൊരു കുട്ടിയോട് ബാക്കി ഭാഗം വായിക്കാൻ പറഞ്ഞു ടീച്ചർ രംഗം ശാന്തമാക്കാൻ നോക്കി. എന്നാൽ ഡസ്കിൽ തല ചായ്ച് ചിരിച്ചുകൊണ്ടിരുന്ന ഞാൻ മറ്റു കുട്ടികളുടെ ശ്രദ്ധകെടുത്തിയപ്പോൾ, ടീച്ചർ പുസ്തകമടച്ചു ക്ലാസ് നേരത്തെ അവസാനിപ്പിച്ചു.!
*****************************
സമയങ്ങൾ അളന്ന് ജീവിക്കാൻ ശീലിച്ചതിൽ പിന്നെ ഇത്തരം ചിരിയാനുഭവങ്ങളും ഇല്ലാതായതാണ്.
വർഷങ്ങൾക്ക് ശേഷം സമാനമായ മറ്റൊരു വായനാനുഭവത്തിലൂടെ ക്‌ളാസ് മുറികളിലെവിടെയോ ഞാൻ മറന്നുവെച്ച ആ ചിരിയോർമകളെ തിരിച്ചു തന്ന പുസ്തകമാണ് ദീപ ടീച്ചറിന്റെ (Deepa Nishanth) "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ". ഇത്തവണ രംഗം ക്‌ളാസ്മുറിയല്ല! പകരം മയിലാപ്പൂരിലെ സബ്-അർബൻ റെയിൽവേ സ്റ്റേഷനാണ്.
ഫേസ്ബുക്കിലൂടെ ഒരുപാട് കേട്ടറിഞ്ഞ പുസ്തകം തലേന്ന് രാത്രിയാണ് കയ്യിൽ കിട്ടിയത്. രാവിലെ ട്രെയിൻ കാത്തുനിൽക്കുമ്പോൾ രാത്രി നിർത്തിയതിൽനിന്ന് വായിച്ചു തുടങ്ങിയതാണ്..
താഴ്ന്ന ക്ലാസിലെ കുട്ടികളുടെ മുന്നിൽ ഷൈൻ ചെയ്യാൻ വേണ്ടി ദീപ ടീച്ചർ ഇളയച്ഛന്റെ മകൾ രാജിയെ മൂന്നുദിവസം അപ്പിയിടാൻ വിലക്കുന്നതാണ് കഥാ സന്ദർഭം..
ഉത്തരവാദിത്വമുള്ള ചേച്ചിയായി രാജിയെ അപായത്തിൽ നിന്ന് രക്ഷിക്കാൻ അവളുടെ ക്ലാസ്സിലേക് ഗൗരവത്തോടെ കയറിച്ചെല്ലുന്നതും, ആരാധനയോടെ തന്നെ നോക്കുന്ന കുട്ടികൾക്കിടയിലൂടെ രാജിയുടെ കൈപിടിച്ചുകൊണ്ട് നടക്കുന്നതും സ്വപ്നം കണ്ടിരിക്കുന്ന ദീപ ടീച്ചർ....
ഒടുവിൽ ഒട്ടും ആഗ്രഹിക്കാത്ത നേരത്തു സന്ദേശവുമായെത്തുന്ന പച്ചയും ക്രീമും ഫ്രോക് ഇട്ട യൂണിഫോംകാരി.! ഉള്ളിലെ നിരാശ മറച്ചുവെച്ചു കുട്ടികളുടെ ആരാധനയോടെയുള്ള ആ ഒരു നോട്ടം മാത്രം പ്രതീക്ഷിച്ചുകൊണ്ട് രാജിയുടെ ക്ലാസ്സിലേക് നടക്കുന്ന കൗശലക്കാരി ദീപ കാണുന്നത് രൗദ്ര ഭാവത്തോടെ തന്നെ നോക്കുന്ന രാജിയുടെ ക്ലാസ് ടീച്ചറെയാണ്.
"ദീപയാണോ രാജിയോട് ക്‌ളാസിൽ അപ്പിയിടാൻ പറഞ്ഞത്"? ആ ചോദ്യം മുഴുവനും വായിക്കാൻ കഴിഞ്ഞില്ല! ഇത്തവണ ബാണാസുര സാഗറിന്റെ ഷട്ടർ ആണ് തുറന്നത്. പരിസരം മറന്ന് ഉറക്കെ ചിരിക്കാൻ തുടങ്ങി. തൊട്ടടുത്തിരുന്ന തമിഴ് യുവാവ് കാര്യം അറിയാതെ എന്നെയും പുസ്തകത്തിലേക്കും ആശ്ച്ചര്യത്തോടെ നോക്കുന്നുണ്ട്. അമളി മനസിലായെങ്കിലും, ചിരി നിർത്താൻ കഴിയാതെ ഞാൻ പുസ്തകത്തിലേക് മുഖം അമർത്തി കുനിഞ്ഞിരുന്നു.!
ഇതിനിടെ 9:15ന് ഉള്ള ട്രെയിൻ സ്റ്റേഷനിലെത്തി ആളുകളെ ഇറക്കിക്കഴിഞ്ഞിരുന്നു..പരിസരബോധം വീണ്ടെടുത്ത്, പുസ്തകം മടക്കി ആളുകൾക്കിടയിലൂടെ തിക്കിത്തിരക്കി, ഒറ്റയോട്ടത്തിന് ട്രെയിനിലേക്ക് കയറി. ട്രെയിൻ ഉച്ചത്തിൽ ചൂളം വിളിച്ചുകൊണ്ട്, മുരൾച്ചയോടെ മുന്നോട്ട് പാഞ്ഞു. ഭൂതകാല കുളിരോർമകളുമായി എന്റെ മനസ്സ് പിന്നോട്ടും.!
ശരിയാണ്, മുട്ടറ്റം വരെയല്ല.... കുന്നോളം തന്നെയുണ്ട് ഈ ഭൂതകാലകുളിർ. ടീച്ചർ പറഞ്ഞത് പോലെ നമുക്കാർക്കും ഒരേ പുഴയിൽ രണ്ടു തവണ കുളിക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം.!
*****************************
ദീപ ടീച്ചറുടെ നനഞ്ഞു തീർത്ത മഴയിലേക്കുള്ള ദൂരം ഇനി ഒരു ദിവസം മാത്രം...ഭൂതകാലകുന്നിന്ചെരുവിലിരുന്ന് ആ മഴ നനയാൻ നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ് .!
ആശംസകളോടെ..

Tuesday 19 July 2016

മാമ്പഴക്കാലം

ഒരു മാമ്പഴക്കാലത്തിന്റെ ഓർമകളങ്ങനെ മധുരം നുണപ്പിച് കടന്നുകളയുന്നത് പതിവാണ്...
സ്ഥലത്തെ പ്രധാന മാവുകളുടെ പട്ടിക തയ്യാറാക്കിയത്.. ചോണനുറുമ്പുകൾ ചെങ്കോട്ട കെട്ടിയ ഒരു ചില്ലയിലെ ചക്കരമാമ്പഴം പറിക്കാൻ ശ്രമിച്, പിടിവിട്ട് താഴേക്കു വീണത് ..... കൈപ്പറിയുവോളം നുണഞ്ഞു, ഒടുവിൽ അണ്ടി എറിഞ്ഞ വഴിയേ "ചങ്ങതിയും പോ.. " വിളിച്ചു പറഞ്ഞത് .... മാമ്പഴം കവിതപോലെ നോവ് നൽകുന്ന ഈ ഓർമ്മകൾ പങ്കുവെക്കാതെ പോകുന്നതെങ്ങനെയാണ് .?
മാവേതായാലും, നിലത്തുവീഴുന്ന മാമ്പഴത്തിന്റെ അവകാശികൾ ഞങ്ങൾ കുട്ടികളാണ്.സ്വന്തം തൊടിയിലെ മാവിലും നമുക് പ്രത്യേക അധികാരമൊന്നുമില്ല എന്നത് വാസ്തവം. അല്ലെങ്കിലും "മാവുകൾ പൂക്കുന്നത് ആരോടും ചോദിച്ചിട്ടല്ലല്ലോ".., അല്ലെ? കോമാങ്ങ, ഒള്ളോർ, നാട്ടുമാങ്ങ തുടങ്ങിയ സ്റ്റൈലൻ പേരുകൾ സാമൂതിരിയുടെ കാലത്തേ ആരോഹിച്ചതാകണം ..
ഇരുട്ട് വെളുക്കുന്നതിനു മുൻപേ എണീക്കണം.കുടയും, കവറും എടുത്തിറങ്ങണം.പറമ്പിലെ കാരമുള്ളിന്റെ വേദന മാമ്പഴത്തിന്റെ മധുരത്തിൽ അലിഞ്ഞില്ലാതാകും. കണ്ണിലെ ഉറക്ക ക്ഷീണം മാങ്ങകൾ കണ്ടാൽ പന്പ കടക്കും.
എന്നേക്കാൾ മുൻപേ എണീറ്റ്, കള്ളിത്തുണിയുടെ മടക്കിൽ, വള്ളി ട്രൗസറിന്റെ കീശയിൽ മാങ്ങകൾ ഒളിപ്പിച്ചു കൊണ്ടുപോകുന്ന അയലത്തെ പയ്യൻ..ഭീകരൻ.., ആണ് മുഖ്യ ശത്രു. പക്ഷെ അപ്പോഴും, നമുക്ക് വേണ്ടിമാത്രം മൊട്ടിട്ട, കല്ലുകൾ അതിജീവിച്ച ഒരു മാമ്പഴം, ഇലകൾക്കിടയിലെവിടെയോ, നമ്മളെ നോക്കിയിരിപ്പുണ്ടാവും.ബ്ലാക് ആൻഡ് വൈറ്റ് പടത്തിൽ നസീറിനെ നോക്കുന്ന ഷീലാമ്മയെ പോലെ...! അതുമല്ലെങ്കിൽ, കാക്കയോ, പക്ഷിയോ കൊത്തിയതുണ്ടാകും.ആ ഭാഗം മുറിച്ചുകളഞ്ഞാൽ ആമാശയത്തിനും പിന്നെ പരാതിയുണ്ടാവില്ല.
മാവിന് കല്ലെറിഞ്ഞത്.., ഓട് തകർത്തത്.., ചില്ലു പൊട്ടിച്ചത് തുടങ്ങിയ പല കേസുകളും സാഹചര്യ തെളിവുകളുടെ അഭാവത്തിൽ റദ്ധാക്കപ്പെട്ടിട്ടുണ്ട് . പിന്നെ മാങ്ങ നോക്കിയെറിഞ്ഞ
ഒരു കല്ല്, ദൂരെ പ്ലാവിൻ ചോട്ടിൽ അണ്ടി നുണഞ്ഞുകൊണ്ടിരുന്ന ഒരു പയ്യന്റെ തലയിൽ കൊണ്ടതാണോ വലിയ ആനക്കാര്യം..? നാലു തുന്നേ വേണ്ടിവന്നുള്ളൂ.. അല്ലെങ്കിലും കുട്ടിയാണ് തെറ്റുകാരൻ..! ഒരാൾ മാവിന് കല്ലെറിയുമ്പോൾ പ്ലാവിൻ ചുവട്ടിൽ നിന്ന് അണ്ടി നുണയാൻ പാടുണ്ടോ.?അന്ന് നിരപരാധിയായ ഞാൻ കഠിന ശിക്ഷ ഏറ്റുവാങ്ങി..! ഇപ്പൊ, ആ പയ്യനെ കാണുമ്പോൾ ഇടക്കൊക്കെ ഞാൻ തുറിച്ചു നോക്കാറുണ്ട്. എന്റെ ഉമ്മാന്റെ വീടിന്റടുത്താണ് അവന്റെ വീട്. എന്നിട്ടും അവൻ കാരണം എനിക്ക് നഷ്ടപ്പെട്ടത് പഴുത്തു തുടുത്ത ഒരു മാമ്പഴമാണ്‌.
അന്ന് സ്കൂളിൽ വെച് ഒരു രൂപക് രണ്ടു മാങ്ങ വിറ്റു നടന്നവർ ഇപ്പോൾ കുത്തക മുതലാളിമാർ ആയിട്ടുണ്ടാവും അല്ലെ ?
ആ ഒരു രൂപ ഇല്ലാഞ്ഞിട്ടാണ് പണക്കാരന്റെ മകൻ ആകാത്തതിൽ നിരാശപെട്ടത്..
ഒരിക്കൽ ഒരു വൈകുന്നേരം മാങ്ങ പഴുത്തോ എന്നറിയാനാണ് അയൽക്കാരന്റെ പറമ്പിലെ ഏറ്റവും ചെറിയ മാവിൽ കയറിയത്. കയ്യോടെ പിടിക്കപ്പെടും എന്ന് ഉറപ്പായപ്പോൾ, അവസാന ശ്രമം എന്ന നിലക്കാണ് ശ്വാസം വിടാതെ മരത്തിൽ അള്ളിപ്പിടിച്ചിരുന്നത്. ബാപ്പയുടെ സുഹൃത് ആയത് കൊണ്ട് കണ്ടിട്ടും കാണാത്തതു പോലെ നടിച്ചതാണോ, അതോ ഇനി ശെരിക്കും കാണാഞ്ഞിട്ടാണോ എന്നറിയില്ല; അന്ന് മാവിൻ ചോട്ടിൽ അഴിച്ചുവെച്ച തലേന്ന് വാങ്ങി തന്ന ഫിഷർ എക്സ്ട്രാ ചെരുപ്പാണ് മൂപ്പിലാൻ എടുത്തോണ്ടുപോയത്.
"ഇനി ഞാൻ സ്കൂളിൽ ഷൂ ഇട്ട് പൊയ്ക്കോളാം, ചെരുപ്പിട്ടാൽ ചെളി തെറിക്കും..." എന്ന് ഉറക്കെ പ്രഖ്യാപിച്ചു പരിഷ്‌കാരി ആകാൻ ശ്രമിച്ചത് ചെരുപ്പ് കാണാതെപോയതെങ്ങനെയാണെന്ന രഹസ്യം അറിയാതിരിക്കാൻ വേണ്ടി ആണെന്ന് ആരോടാണ് ഞനിനി ഒളിക്കേണ്ടത്.?
അന്നൊരു മരണാന്തര ചടങ്ങിന് പോയ ദിവസം. കുട്ടികളുടെ വിശപ്പുണ്ടോ മുതിർന്നവരറിയുന്നു..? മുതിർന്നവരല്ലേ മരണത്തെ പേടിക്കേണ്ടത്. ഞങ്ങൾ കുട്ടികൾ സ്വർഗ്ഗത്തിലെ കാവൽ ഭടന്മാരല്ലേ..? വിശപ്പ് സഹിച്ചു ഞാൻ മരിച്ചാൽ സ്വർഗ്ഗത്തിലെ ഏതു വാതിലിൽ കാവൽ നിൽക്കണം എന്നാലോചിച്ചിരിക്കുമ്പോഴാണ് ചെറിയ തണ്ണിമത്തനോളം വലുപ്പമുള്ള ഒരു മാങ്ങ മുന്നിലേക്ക് വീണത്. ജീപ്പിന്റെ പിൻസീറ്റിൽ ഇരുന്ന ഞാൻ ചാടി ഒരാക്രമണമായിരുന്നു.. ഒരു മാങ്ങ കൊണ്ട് രണ്ടുപേർക്ക് വിശപ്പ് മാറ്റാം എന്ന് മനസ്സിലായത് അന്നാണ്.!
ഹേ.. മാമ്പഴമേ..! എന്റെ ഓർമപൂമരത്തിലെന്തിനിത്ര ശോഭിച്ചിടുന്നു നീ ..?
(കുമാരനാശാൻ എന്നോട് ക്ഷമിക്കണം )
ഇരിക്കുന്ന കൊമ്പ് വെട്ടുന്ന മരംവെട്ടുകാരനെ കുറിച് കേട്ടിട്ടുണ്ടോ ? നമ്മളും ആ ഗണത്തിൽ പെട്ടവരാണ് ബ്രോ .. അല്ലെങ്കിൽ എത്ര പെട്ടന്നാണ് നമ്മുടെ മാവുകൾ അപ്രത്യക്ഷ്യമായത്.?
"വീടൊന്നു മോടി പിടിപ്പിക്കണം, നമുക്ക് മാവ് മുറിച് വിൽക്കാം.. "
"അയൽക്കാരന്റെ വീടിനേക്കാൾ വലിയ ഒരു മതിൽ കെട്ടണം. മാവ് മുറിക്കാതെ പറ്റില്ല.."
"മുറ്റത്ത് ഭംഗിയുള്ള ഓട് പാകണം, മാവ് അവിടെ വേണ്ട.."
തികച്ചും ന്യായമായ ആവിശ്യങ്ങൾ അല്ലെ ഇതൊക്കെ. ?
വാതിൽപ്പടിയിലും, ജനൽ തൂണിലും മാവുകൾ പൂക്കില്ലന്ന് നിങ്ങളെ പോലെ ഞാനും വളരെ വൈകിയാണറിഞ്ഞത്..!
എന്നാലും നിനക്ക് ആദ്യരാത്രി ആഘോഷിക്കാൻ ഞങ്ങടെ തൊടിയിലെ മാവിൻതടി തന്നെ വേണമായിരുന്നു, അല്ലേടോ ..?
കവറുകളിലെത്തിയ മാമ്പങ്ങൾക്ക് ആദ്യമൊക്കെ കൊതികൂടിയിട്ടുണ്ട്. പിന്നെ കിലോ പത്തെന്ന വിളിയൊച്ച ഒരു അരോചകമായി തോന്നി.മാങ്ങകൾക്കെല്ലാം ഒരേ രുചി ആണെന്ന് ആരെയാണ് നിങ്ങൾ പറഞ്ഞു പറ്റിക്കാൻ നോക്കുന്നത്..?
അംഗണ തൈമാവ് ഇപ്പോഴും പൂക്കാറുണ്ട്, കായ്ക്കാറുണ്ട്.. ആദ്യത്തെയും അവസാനത്തെയും പഴങ്ങൾ പൊഴിക്കുന്നുമുണ്ട്.. കൈവെള്ളയിലെ ആറിഞ്ചു സ്‌ക്രീനിൽ ഈരേഴു വർണങ്ങളിൽ അടുക്കിവെച്ചിരിക്കുന്ന, കാൻഡി ക്രഷ് പഴങ്ങൾ കൈവിരൽകൊണ്ട് തട്ടി തെറിപ്പിക്കുന്ന ബാല്യങ്ങളാണേറെയും..!