Wednesday, 14 September 2016

വാമന ജയന്തിയല്ലെഡേയ്,നുമ്മക്കിത് ഓണം തന്നെയാണ് ..!

മണ്ണെണ്ണ വിളക്കിന്റെ തിരി ഊതിക്കെടുത്തി, ആകാശവാണിയിൽ നാടകങ്ങൾ കേട്ടുറങ്ങിയ  രാത്രികളിലൊക്കെ ഒരു വൈദ്യതി പോസ്റ്റ് സ്വപ്നം കാണാറുണ്ട്. ഇരുട്ടിൽ വിരലൊന്നമർത്തിയാൽ, മുറി നിറയെ മഞ്ഞ പ്രകാശം പരത്തുന്ന ഫ്ലൂറസെന്റ് ബൾബുകളും. ഒരു മഴക്കാലത്താണ്, സ്വപ്നത്തിലെ വൈദ്യുതി പോസ്റ്റ് വീടിന്റെ പിന്നാമ്പുറത്തെത്തി. പപ്പായയും, പ്ലാവും, തെങ്ങും തോളോട് ചേർന്നിരുന്ന തൊടിയിൽ, അവർക്കിടയിൽ ഈ കോൺക്രീറ്റ് മരവും തലയുയർത്തിനിന്നു. ഞങ്ങളത് ബിരിയാണി വെച്ച് ആഘോഷിച്ചു.

ഒരു ഓണക്കാലത്താണ്, തിരുവോണദിന സ്പെഷ്യൽ ഡിസ്‌കൗണ്ടിൽ ഒരു ടിവിയും  വീട്ടുപടിക്കലെത്തി. 16 ഇഞ്ചുള്ള വിഡിയോകോണിന്റെ ഒരു സ്റ്റൈലൻ കളർടിവി. സ്വീകരണമുറിയിൽ ടിവി അലങ്കരിച്ചുവെച്ച ഗമണ്ടൻ സ്റ്റാന്റിനുമുകളിൽ ഞാനൊരു ഫ്‌ളവർവേസ് കൊണ്ടുവച്ചു. സ്റ്റാന്റിനോട് ഞാൻ അടക്കം പറഞ്ഞു; "നിന്റെ തോളത്തിരിക്കുന്നത് വെറുമൊരു ചതുരപ്പെട്ടിയല്ല.! വിശ്വവിജ്ഞാനഗോളമാണ്. കാഴ്ച്ചയുടെ വർണവിസ്മയങ്ങൾ അനർഘനിർഗളമായി പ്രവഹിക്കുന്ന, മനുഷ്യന്റെ മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്ന്! നിറങ്ങളുടെ അഖിലാണ്ഡ മണ്ഡലം.! ചൈനീസ് വന്മതിലും,എംപയർ സ്റ്റേറ്റ് ബിൽഡിങ്ങും, പിസായിലെ ചെരിഞ്ഞ ഗോപുരവും നമുക്കിനി കയ്യെത്തും ദൂരത്താണ്. മഞ്ഞിൽ പൊതിഞ്ഞ ഹിമാലയൻ       പർവ്വതങ്ങളിലൂടെയും, മണൽക്കാറ്റുവീശുന്ന രജസ്ഥാൻ മരുഭൂമിയിലൂടെയും നമുക്കിനി ഒരുമിച് യാത്രചെയ്യാം.." എൻറെ തള്ളൽ കേട്ട് സ്റ്റാൻഡ് എന്നെ തുറിച്ചുനോക്കി. ഞാൻ റിമോട്ട് കൺട്രോളിൽ വിരലമർത്തി.

എനിക്ക് ആഹ്ലാദം നൽകിയത് മറ്റൊരു കാര്യമാണ്. ടിവി കാണാൻ വേണ്ടി ഇനി അലഞ്ഞുനടക്കേണ്ട! എത്രയെത്ര വീട്ടുകാരുടെ സ്വകാര്യതയാണ് ഞങൾ അലങ്കോലപ്പെടുത്തിയത്.? ആരുടെയൊക്ക വീടുകളിലാണ് അനുവാദമില്ലാതെ വലിഞ്ഞുകേറിയത്..?

ദൂരദർശനിലെ ഞായറാഴ്ച സിനിമകളും, ശക്തിമാനും കണ്ടത് ജാനുവേടത്തിയുടെ വീട്ടിലാണ്. കൈരളി കാണാൻ വയലിനപ്പുറം ഹരിയേട്ടന്റെ വീട്ടിൽ പോകണം. അവിടെ 'വല്യേട്ടനും', 'തെങ്കാശിപ്പട്ടണോം ' പിന്നെ
ഇടക്കൊക്കെ 'നഗരവധുവും' കാണിക്കും. വരമ്പിലൂടെ ഓടി വീടിനുമുന്നിൽ കറങ്ങിനടക്കും. പരസ്പരം സിനിമ കഥകൾ പറഞ്‍ അക്ഷമയോടെ കാത്തുനിൽക്കും. ബൂസ്റ്റിന്റെയോ, ഹോർലിക്സിന്റെയോ പരസ്യം കേട്ടാൽ ഓടിച്ചെന്ന് അനുവാദം ചോദിക്കാതെ ടിവിക്ക് മുന്നിലിരിക്കും. അടിയുടെ എണ്ണമനുസരിച്ചാണ് സിനിമയുടെ റേറ്റിങ്. അഞ്ചിൽ കൂടുതൽ അടിയുണ്ടെങ്കിൽ അതാണ് മികച്ച സിനിമ.

സൂര്യ ടിവി പ്രതാപത്തിന്റെ അടയാളം കൂടിയാണ് . 'ജനാധിപത്യം' കണ്ടത് പാൽ സൊസൈറ്റിയിലെ ഷാജിയേട്ടന്റെ വീട്ടിലാണ്, അതും സൂര്യ ടിവിയിൽ. ഭാരതി ടീച്ചറെ വീട്ടിൽ 'ഒരു വടക്കൻ വീര ഗാഥ'. പൗലോസ് സാറിന്റെ വീട്ടിൽ 'മറുപുറം'. 'മണിച്ചിത്രത്താഴ്' സുഗന്ധിനി ടീച്ചറുടെ വീട്ടിൽ. 'ഫ്രണ്ട്‌സ്' കണ്ടത് കോറോത് ഉള്ള കൂട്ടുകാരൻ ജറീഷിന്റെ വീട്ടിലാണ് .( അന്നു ചിരിച്ചതുപോലെ ഫ്രണ്ട്‌സ് കണ്ടിട്ട് പിന്നീട് ഒരിക്കലും ചിരിച്ചിട്ടില്ല)മത്തായി ചേട്ടൻ, സതീശൻ മാസ്റ്റർ, മമ്മുക്ക ഇവരുടെയെല്ലാം വീടായിരുന്നു സിനിമാ കേന്ദ്രങ്ങൾ. ക്രിക്കറ്റ് കളി കാണാൻ ഇബ്രാഹിം മാസ്റ്റർ കനിയണം.

അതൊക്കെ ഇനി പഴംകഥ! ഇന്ന് മുതൽ ഞാനും ടിവിയുള്ള വീട്ടിലെ പയ്യനാണ്. കൂട്ടുകാരുടെ ഇടയിൽ എനിക്കും അല്പം ബഹുമാനം ഒക്കെയുണ്ടാകും. കാഴ്ച്ചക്കാർ ഏതു ചാനൽ കാണണമെന്ന് ഇനി ഞാൻ തീരുമാനിക്കും. കാണികൾ രസം പിടിച്ചിരിക്കുമ്പോൾ ടിവി ഓഫാക്കണം. "സന്ധ്യയായി,  ബാക്കി പിന്നെ കാണാം ഇപ്പൊ വീട്ടിലേക് പൊയ്ക്കോ" എന്ന് പറഞ്‍ ഉപദേശിയാകണം. ഞാൻ ദിവാ സ്വപനങ്ങൾ നെയ്തുകൊണ്ടിരുന്നു..

പിന്നീട്, ഒഴിവു സമയങ്ങളും, ആഘോഷങ്ങളും ടിവിക്ക് മുൻപിലായി.. ഓണവും, പെരുന്നാളും, ഈസ്റ്ററുമെല്ലാം പുതിയ പുതിയ സിനിമകളുടെ പൂക്കാലമായിരുന്നു. നേരിട്ടു കാണുന്ന പൂക്കളങ്ങൾക്ക് ടിവിയിലെ പൂക്കങ്ങളെക്കാൾ ഭംഗി കുറവാണെന്ന് ഞങ്ങൾ തെറ്റിദ്ധരിച്ചിരിക്കണം.. ഞങൾ കളിക്കാത്ത വയലുകളും, കയറിചെല്ലാത്ത കാടുകളും ഞങ്ങളെ കാത്ത് മൂകമായികിടന്നു..
കാട്ടുപഴങ്ങൾ കെട്ടുനശിച്ചു.. കണ്ടു കണ്ടിരിക്കെ, മനുഷ്യചരിത്രത്തിലെ മറ്റൊരു വലിയ കണ്ടിപിടുത്തം കൂടി ഞങളുടെ ബാല്യത്തോടൊപ്പം തിരിശീലയ്ക്ക് പിന്നിൽ മാഞ്ഞു..!

ഈ അടുത്ത്‌, പഴയ സാധനങ്ങൾ അടുക്കുന്നതിനിടെ, ആക്രികൂട്ടങ്ങൾക്കിടയിൽ അതും ഉണ്ടായിരുന്നു. ആ കളർ ടിവി.. ഒരുകാലത്തു പ്രതാപത്തിന്റെ ലക്ഷണങ്ങളിലൊന്ന്, ഒരു പതിറ്റാണ്ടിന്റെ ഓർമ...! "ഇതിനി തൂക്കിവിട്ടാലും അഞ്ചു പൈസ കിട്ടില്ല", വീട്ടിലെ ന്യൂ ജനറേഷൻ പയ്യൻ  മുഖം വക്രിച് ചിരിച്ചു..മറുപടി പറയാൻ ഞാൻ വാക്കുകൾ പരതി.

സ്വപ്നങ്ങളിലിപ്പോൾ പഴയ ചിമ്മിനി വിളക്കാണ്. അന്ന്, ചുവരുകൾക്ക് വെളിയിൽ, തുറസ്സിൽ ജീവിക്കേണ്ടതെങ്ങനെയെന്ന് നിലാവ് മെഴുകുതിരിയോട് പറഞ്ഞതിന്റെ പൊരുൾ ഇപ്പോളാണ് മനസ്സിലായത്. അത്ര വിശുദ്ധമായ ഒരു കാലത്തേക്ക് ഇനിയൊരു തിരിച്ചുപോക്കില്ല.

നിർത്താതെ ഓടിയ വഴികളിലൂടെ കാലമർത്തി നടക്കണം... കാടുകളുടെ താളം തേടി യാത്രപോകണം...മഴ നനഞ് , ചെളിപുരണ്ട് കളിക്കണം..മരച്ചില്ലയിൽ കയറി പുഴയിലേക്കു കുതിക്കണം. ഓണമാണ്, നാടുകാണാൻ മാവേലി വരും; ചെണ്ടമുട്ട് കേട്ടാൽ  റോഡരികിലേക്ക് പായണം..മാവേലിയെക്കണ്ട് ആർത്തുവിളിക്കണം..!!

******************************************

അന്യ മതസ്ഥരോട് ചിരിച്ചാൽ, ആഘോഷങ്ങളിൽ പങ്കുചേർന്നാൽ, അത് മതനിന്ദയാണെന്ന് പ്രചരിപ്പിക്കുന്നവരോട്; നിങ്ങളോളം വലിയ വിപത്ത് ഞങ്ങൾക്കിനി വരാനില്ല.. ആടുമേക്കാൻ ആളുകളെ ഇനിയും ആവിശ്യമുണ്ടാകും... നിങ്ങളും പോയി സ്വർഗ്ഗരാജ്യം വെടിയുക!! ഒരു സുപ്രഭാതത്തിൽ ചരിത്രത്തെ  മാറ്റിയെഴുതാൻ ശ്രമിക്കുന്ന സവർണ്ണ ഫാസിസ്റ് കുലപതികളോട് ; നിങ്ങളോടുള്ള പ്രതിഷേധം കൂടിയാണ് ഞങ്ങൾക്ക്  ഈ ഓണാഘോഷം.!

ഓണം കേരൾ കാ ദേശീയ ഉത്സവ് ഹെ!!

ഏവർക്കും ഓണാശംസകൾ!!

Ama

No comments:

Post a Comment